Major Dhyan Chand.
ഡോൺ ബ്രാഡ്മാൻ പറഞ്ഞു, ക്രിക്കറ്റിൽ റൺസ് സ്കോർ ചെയ്യുന്നതുപോലെ താങ്കൾ ഹോക്കിയിൽ ഗോൾ നേടുന്നു.
1926 ൽ സൈനിക ടീമിനൊപ്പം ന്യൂസിലാന്റിൽ പര്യടനം നടത്തി. ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ തന്റെ പ്രകടന മികവ് കൊണ്ട് കായിക ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി.
ഗോളടിക്കുന്നതിലുള്ള മിടുക്കും കളിമികവും അദ്ദേഹത്തെ രാജ്യത്തെ എക്കാലത്തെയും മികച്ച ഹോക്കിതാരമാക്കി മാറ്റി. അദ്ദേഹത്തിന്റെ കാലത്താണ് ദേശീയ കായിക ഇനമായ ഹോക്കിയിൽ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ടീമായിരുന്നത്.
1928, 1932, 1936 വര്‍ഷങ്ങളില്‍ ഒളിംപിക്‌സ് കാലഘട്ടമായിരുന്നു അതേഹത്തിന്റെ സുവർണ്ണകാലം. 1928 ലെ ഒളിമ്പിക്സിൽ 5 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടി ചന്ദ് ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു. ഇന്ത്യയുടെ വിജയത്തെക്കുറിച്ചുള്ള ഒരു പത്ര റിപ്പോർട്ട് ഇതായിരുന്നു, “ഇത് ഹോക്കി കളിയല്ല, മാജിക്കാണ്. ധ്യാൻ ചന്ദ് വാസ്തവത്തിൽ ഹോക്കിയുടെ മാന്ത്രികനാണ്". അങ്ങനെ കായിക ലോകം അദ്ദേത്തിനു ഹോക്കി മാന്ത്രികൻ എന്ന വിളിപ്പേര് ചാർത്തി.
1932 ലെ ഒളിമ്പിക് ടീമിലേക്ക് അദ്ദേഹത്തിന്റെ പേരായിരുന്നു സെലക്ഷൻ കമ്മിറ്റി ആദ്യം നിർദ്ദേശിച്ചത്. ഇന്ത്യൻ ടീം വീണ്ടും സ്വർണം നേടി. ഓഗസ്റ്റ് 11 ന് നടന്ന ഫൈനലിൽ ഇന്ത്യ ആതിഥേയരായ അമേരിക്കയെ 24-1ന് തളച്ചു. അന്നത്തെ ലോക റെക്കോർഡ് സ്കോർ ആയിരുന്നു അത്.
1936 ൽ ബെർലിനിൽ നടന്ന ഒളിംപിക്സിൽ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. ആദ്യ മത്സരം ശക്തരായ ജർമനിക്കെതിരെയായിരുന്നു. മത്സരത്തിൽ ഇന്ത്യ 4-1ന് അവരോട് തോറ്റു. ധ്യാൻ ചന്ദിന് ആ തോൽവിയുടെ ആഘാതം വളരെ വലുതായിരുന്നു. അന്ന് രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
പിന്നീട് അദ്ദേഹം പറയുകയുണ്ടായി “ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ഞാൻ ഒരിക്കലും ഈ മത്സരം മറക്കുകയില്ല, ഈ തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറുകയുമില്ല, അത് ഇപ്പോഴും എന്നെ അസഹ്യപ്പെടുത്തുന്നു”.
എങ്കിലും ജർമ്മനിക്കെതിരായ തോൽവി ഇന്ത്യയ്ക്ക് പ്രചോദനമായിരുന്നു. പിന്നീടങ്ങോട്ട് എതിരാളികളെയെല്ലാം നിലപരിശാക്കി. ഹംഗറി, അമേരിക്ക, ജപ്പാൻ എന്നിവരെ ആദ്യ റൗണ്ടിലും ഫ്രാൻസിനെ സെമിഫൈനലിലും പരാജയപ്പെടുത്തി ഫൈനലിലിൽ എത്തി.
ആദ്യ മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്ന ജർമ്മനിയായിരുന്നു ഫൈനലിലെ എതിരാളികൾ. പക്ഷെ ആദ്യ മത്സരത്തിൽ കണ്ട ഇന്ത്യൻ ടീമിനെ അല്ല അന്നവർ കണ്ടത്. അലി ദാരയും അഹ്മദ് ഖാനും ധ്യാൻ ചന്ദും കളിക്കളത്തിൽ നിറഞ്ഞാടി. ജർമനിയെ 8 -1 നു പരാജയപ്പെടുത്തി. മൂന്ന് ഗോളുകൾ പിറന്നത് തന്റെ മാന്ത്രിക സ്റ്റിക് കൊണ്ടായിരുന്നു.
ഫൈനലിൽ ധ്യാൻചന്ദിന്‍റെ കളി കണ്ട അഡോൾഫ് ഹിറ്റ്ലർ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. കണ്ടുമുട്ടിയപ്പോൾ സംഭാഷണത്തിനിടെ ഹിറ്റ്ലർ പറഞ്ഞു "ജർമ്മനിയിലേക്ക് വരൂ. ഞാൻ നിങ്ങളെ ഒരു ഫീൽഡ് മാർഷലാക്കും.” അതിനു സിമ്പിൾ ആയി അദ്ദേഹം മറുപടി നൽകി ”ഇന്ത്യ എന്റെ രാജ്യമാണ്, ഞാൻ അവിടെ സന്തോഷവാനാണ്".
1935-ൽ അഡ്ലൈഡിൽ വെച്ച് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോൺ ബ്രാഡ്മാൻ ധ്യാൻ ചന്ദിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ പറഞ്ഞത്, ക്രിക്കറ്റിൽ റൺസ് സ്കോർ ചെയ്യുന്നതുപോലെ താങ്കൾ ഗോൾ നേടുന്നു എന്നാണ്. അങ്ങനെ കായിക ലോകത്തിന്റെയാകെ പ്രശംസ പിടിച്ചു പറ്റിയ ആളായിരുന്നു അദ്ദേഹം.
1948 ൽ അവസാന അന്താരാഷ്ട്ര മത്സരം അവസാനിപ്പിച്ചപ്പോൾ തന്റെ കരിയറിൽ 400 ൽ അധികം ഗോളുകൾ നേടി ലോകത്തെ അമ്പരപ്പിച്ചു. കളി നിർത്തിയെങ്കിലും ഹോക്കി രംഗത്തു തുടരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന്റെ ഭാഗമായി കോച്ചിംഗ് ആരംഭിച്ചു. പുതിയ താരങ്ങളെ വാർത്തെടുത്തു. പിന്നീട് പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന്റെ (എൻഐഎസ്) ചീഫ് കോച്ചായി സേവനമനുഷ്ഠിച്ചു.
1956 ൽ മേജർ പദവിയിലിരിക്കെ സൈനികസേവനത്തിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് അതേ വർഷം ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡ് പത്മഭൂഷൺ ലഭിച്ചു.
1979 ൽ 74 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ധ്യാന്‍ചന്ദിനോടുള്ള ആദരസൂചകമായി ഓസ്ട്രിയയിലെ വിയെന്നയില്‍ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി രാജ്യം തപാൽ സ്റ്റാമ്പ് ഇറക്കി.
ദേശീയ കായികദിനത്തിലാണ് ഇന്ത്യയിലെ കായിക പുരസ്ക്കാരങ്ങൾ രാഷ്ട്രപതി ഭവനിൽ വിതരണം ചെയ്യുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന, അർജുന, ദ്രോണാചാര്യ പുരസ്കാരങ്ങളാണ് കായികമേഖലയിൽ സർക്കാർ നൽകുന്നത്.
കായികരംഗത്തെ ആജീവനാന്ത നേട്ടത്തിനുള്ള ധ്യാൻ ചന്ദ് അവാർഡ് ഹോക്കി ഇതിഹാസത്തിന്റെ പേരിലുള്ള ദേശീയ കായിക ബഹുമതിയാണ്. ന്യൂഡൽഹിയിലെ ദേശീയ സ്റ്റേഡിയവും അദ്ദേഹത്തിന്റെ പേരിലാണ്. ധ്യാൻ ചന്ദിന്റെ എന്ന ഇതിഹാസം കായിക ലോകത്തിനു എന്നും പ്രചോദനമായിരിക്കും.
Nice write-up.
ReplyDelete