ജി.വി.രാജ: കായിക കേരളത്തിന്റെ പിതാവ്
ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ.
ഒക്ടോബർ 13 കേരള കായിക ദിനം. കേരള കായിക ചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജയുടെ ജന്മദിനമാണ് നമ്മൾ കായിക ദിനമായി ആചരിക്കുന്നത്. നമ്മുടെ കായിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യമാണ്. രാജ്യത്തിൻറെ കായിക ഭൂപടത്തിൽ കൊച്ചു കേരളത്തെ പ്രതിഷ്ഠിക്കുന്നതിൽ നിർണായക പങ്കു വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
1908 ഒക്ടോബർ 13-ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ, കാഞ്ഞിരമറ്റം കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂഞ്ഞാർ രാജകുടുംബത്തിന്റെ തന്നെ കീഴിൽ 1913-ൽ സ്ഥാപിച്ച എസ്സ്. എം. വി. (S. M .V) ഹൈസ്കൂളിൽ ആണ്.
മദ്രാസിൽ മെഡിസിൻ പഠനം നടത്തികൊണ്ടിരിക്കെ വിവാഹാലോചന വന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായിയെ വിവാഹം കഴിച്ചു.
വിവാഹത്തിന് ശേഷം സൈനിക സേവനത്തിൽ പ്രവേശിച്ചു. സൈന്യത്തിൽ ക്യാപ്റ്റൻ ആയിരിക്കുന്നു അദ്ദേഹം. ദീർഘ കാലത്തേ സൈനിക സേവനത്തിനു ശേഷം 1950 വിരമിച്ചു. വിരമിക്കുമ്പോൾ അദ്ദേഹം ലെഫ്റെനെന്റ്റ് കേണൽ ആയിരുന്നു.
അതിനു ശേഷമാണ് അദ്ദേഹം കായിക മേഖലയിലേക്ക് തിരിഞ്ഞത്. വിവിധ കായിക ഇനങ്ങൾ പ്രചരിപ്പിക്കുന്നതിനായി ലോകോത്തര കായിക താരങ്ങളെ ഇവിടേക്ക് ക്ഷണിച്ചു. പ്രദർശന മത്സരങ്ങൾ അടക്കം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ കേരളത്തിൽ കൊണ്ട് വന്നു. അവരുമായി പ്രദർശന മത്സരം സംഘടിപ്പിച്ചു ടെന്നീസിന് കൂടുതൽ പ്രചാരണം നേടി കൊടുത്തു. ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിക്കാൻ മുൻകൈ എടുത്തു.
ടെന്നീസിന് പുറമെ ഒരുപാട് കായിക ഇനങ്ങളുടെ പ്രചാരത്തിനു അദ്ദേഹം തുടക്കം കുറിച്ചു. ഒട്ടേറെ ക്ലബ്ബ്കൾ സ്ഥാപിച്ചു( ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി, വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് തുടങ്ങിയവ ). അതുകൊണ്ടു തന്നെയാണ് സംസ്ഥാന- ദേശീയ തലത്തിലെ വിവിധ അസോസിയേഷൻ ഭാരവാഹിയായി അദ്ദേഹം നിയമിതനായത്.
1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ.
1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു ജിവി രാജാ. ഇത്തരം ഒരു സംഘടന കെട്ടിപ്പടുക്കാൻ പതിനൊന്നോളം കായികസംഘടനകളുമായി ആലോചന നടത്തി. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. പിന്നീട് മരണം വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.
ജീവിതം കായിക മേഖലയുടെ പുരോഗതിക്കായി മാറ്റിവെച്ച ജി.വി.രാജ 1971-ല്‍ ഇന്ത്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനായി പട്യാലയിലേക്ക് യാത്രയ്ക്കിടെ ഏപ്രില്‍ 30-ന് കുളു താഴ്വരയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്.
കേരളം കായിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയ ജി.വി. രാജയോടുള്ള ബഹുമാനാർത്ഥം തിരുവനന്തപുരത്തെ കായികവിദ്യാലയത്തിനു ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണ നൽകി . കൂടാതെ കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു.
Comments
Post a Comment
If you have any doubts, Please let me know